യുകെയിലേക്ക് കടക്കാൻ ശ്രമം; അമൃത്പാലിന്റെ സഹായി വിമാനത്താവളത്തിൽ അറസ്റ്റിൽ
Friday, March 10, 2023 2:42 AM IST
അമൃത്സർ: ഭീകരസംഘടനയായ ഖലിസ്ഥാനെ പുനർജീവിപ്പിച്ചുകൊണ്ട് പഞ്ചാബിനു ഭീഷണിയായിക്കൊണ്ടിരിക്കുന്ന അമൃത്പാൽ സിംഗിന്റെ സഹായി പിടിയിൽ. പോലീസിനെ വെട്ടിച്ചും കോടതിയുടെ വാറണ്ട് കൈപ്പറ്റാതെയും മുങ്ങിനടന്ന ഗുരീന്ദർപാൽ സിംഗ് ഔജാലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്യംവിട്ട് അതീവരഹസ്യമായി ലണ്ടനിലേക്കു പോകാനായി വ്യാഴാഴ്ച രാവിലെ അമൃത്സർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ജലന്ധർ സ്വദേശിയും ലണ്ടനിൽ താമസക്കാരനുമായ ഗുരീന്ദർസിംഗാണ് അമൃത്പാൽ സിംഗിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. ഇയാൾക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തന്റെ സഹായിയും തട്ടിക്കൊണ്ടുപോകലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയുമായ ലവ്പ്രീത് സിംഗ് തുഫാനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് അമൃത്സർ നഗരത്തിനടുത്ത അജ്നാല പോലീസ് സ്റ്റേഷനിലേക്ക് അമൃത്പാൽ സിംഗിന്റെ നേതൃത്വത്തിൽ നൂറുകണക്കിനു പ്രവർത്തകർ തോക്കുകളും മാരകായുധങ്ങളുമായെത്തി അതിക്രമം നടത്തിയത് അടുത്തിടെയാണ്. ഏറ്റുമുട്ടലിൽ ആറു പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
ഈ സംഭവത്തോടെയാണ് അമൃത്പാൽ സിംഗിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾ ഓരോന്നായി പുറത്തുവന്നത്. അമൃത്പാൽ സിംഗിന്റെ തോക്ക് ലൈസൻസ് അടുത്തിടെ പഞ്ചാബ് സർക്കാർ റദ്ദാക്കിയിരുന്നു.