കൊച്ചിയിലേത് അഴിമതിയുടെ വിഷപ്പുകയെന്ന് കെ.സുധാകരന്
Monday, March 13, 2023 1:20 AM IST
തിരുവനന്തപുരം: കൊച്ചി നഗരത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് സിപിഎമ്മിന്റെ അഴിമതിയുടെ വിഷപ്പുകയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. ദിവസങ്ങളായി ഒരു നഗരം മുഴുവന്‍ വിഷം ശ്വസിക്കുകയാണ്. ഇത് കൊച്ചിക്ക് മാത്രമല്ല കേരളത്തിന് ഒന്നടങ്കം അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷനില്‍ ഇടതു ഭരണസമിതി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണ്. കൊച്ചി നഗരത്തെ വിഷപ്പുകയില്‍ മുക്കിക്കൊല്ലുകയാണ് പിണറായി വിജയനും ഭരണകൂടവും. കൊച്ചിയില്‍ നിറഞ്ഞു നില്‍ക്കുന്നത് വെറും പുകയല്ല, സിപിഎമ്മിന്റെ അഴിമതിയുടെ വിഷപ്പുകയാണ്.
എട്ടു ദിവസങ്ങളായി ഒരു നഗരം മുഴുവന്‍ വിഷം ശ്വസിക്കുകയാണ്. ജനലുകളും വാതിലുകളുമൊക്കെ അടച്ച് വീടിനുള്ളില്‍ ഇരുന്നാല്‍ മതിയെന്നാണ് കഴിവുകെട്ട ഭരണകൂടം പൊതുജനത്തിനോട് പറയുന്നത്.
പിഞ്ചുകുഞ്ഞുങ്ങളിലടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന ഈ വിഷപ്പുക നിയന്ത്രിക്കാതെ സര്‍ക്കാര്‍ നിഷ്ക്രിയമായി നില്‍ക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.