സാമ്പത്തികതട്ടിപ്പ്: സിസിഎൽ ടീം ഉടമ അറസ്റ്റിൽ
Tuesday, March 14, 2023 5:54 PM IST
അമൃത്സർ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ടീം ഭോജ്പൂരി ദബാംഗ്സിന്റെ സഹഉടമ ആനന്ദ് ബിഹാരി യാദവ് സാമ്പത്തികതട്ടിപ്പ് കേസിൽ അറസ്റ്റിൽ.
അവിക എയൽലൈൻസ് എന്ന വിമാനക്കമ്പനിയിൽ നിക്ഷേപം നടത്താനെന്ന വ്യാജേന മൊഹാലി സ്വദേശിയായ മുക്തേഷ് ധവാന്റെ പക്കൽ നിന്ന് 4.15 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് ജോധ്പുരിലെ സിസിഎൽ മത്സരവേദിയിൽ നിന്നാണ് യാദവിന്റെ കസ്റ്റഡിയിലെടുത്തത്.
അവിക എയർലൈൻസിൽ 10.15 ശതമാനം ഓഹരി വാഗ്ദാനം ചെയ്ത് യാദവ് തന്നെ കബളിപ്പിച്ചെന്ന് കാട്ടി ധവാൻ 2022 ഡിസംബറിൽ പോലീസിൽ പരാതി നൽകിയിരുന്നു. കമ്പനിയുടെ പ്രവർത്തനത്തിൽ അതൃപ്തി അനുഭവപ്പെട്ടതോടെ പണം തിരികെ ചോദിച്ചെങ്കിലും യാദവ് കൈമലർത്തിയെന്നാണ് ധവാന്റെ ആരോപണം.
ഐപിസി 420, 406 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത യാദവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാർച്ച് 18-ന് സിസിഎല്ലിന്റെ സെമിഫൈനലിൽ ഭോജ്പൂരി ദബാംഗ്സ് മുംബൈ ഹീറോസിനെ നേരിടാനിരിക്കെയാണ് ഈ പ്രതിസന്ധി.