തൊഴില്‍ കുംഭകോണം: ലാലു പ്രസാദ് യാദവിനും റാബ്റി ദേവിക്കും ജാമ്യം
Wednesday, March 15, 2023 12:43 PM IST
ന്യൂഡല്‍ഹി: ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകള്‍ മിസാ ഭാരതി എന്നിവര്‍ക്ക് ഡല്‍ഹി റൂസ് അവന്യൂ കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു.
വീല്‍ ചെയറിലാണ് മൂന്ന് മാസം മുമ്പ് സിംഗപ്പൂരില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന ലാലു പ്രസാദ് കോടതിയില്‍ എത്തിയത്. ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്റി ദേവിക്കുമൊപ്പം മറ്റ് 14 പേരും ബുധനാഴ്ച ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരായിരുന്നു.
2004 നും 2009 നും ഇടയില്‍ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാലുവിന്റെ കുടുംബത്തിന് ഭൂമി സമ്മാനമായി നല്‍കുകയോ വില്ക്കുകയോ ചെയ്യുന്നവര്‍ക്ക് പകരമായി റെയില്‍വേയില്‍ നിയമനം നൽകിയെന്നാണ് കേസ്.
ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ നിയമന ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് ക്രമവിരുദ്ധ നിയമനങ്ങള്‍ നടന്നതായും സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.