മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് അമിത് ഷാ
Sunday, March 26, 2023 6:14 PM IST
ബംഗളൂരു: മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കുന്ന വ്യവസ്ഥകളൊന്നും ഭരണഘടനയിൽ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഇത്തരം ചട്ടങ്ങളൊന്നും നിലവിലില്ലെങ്കിലും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി കോൺഗ്രസ് മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിച്ചെന്നും ഷാ പറഞ്ഞു. കർണാടകയിൽ സർക്കാർ ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം വിഭാഗത്തിന് മുൻ സർക്കാർ അനുവദിച്ച നാല് ശതമാനം ഒബിസി സംവരണം എടുത്തുകളഞ്ഞ നടപടിയെയും ഷാ ന്യായീകരിച്ചു.
പ്രീണനത്തിനായി നൽകിയ ഈ നാല് ശതമാനം സംവരണം റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് ബിജെപി നൽകി. മുസ്ലിം വിഭാഗത്തിനുള്ള സംവരണം ഭരണഘടനാവിരുദ്ധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലുങ്കാന അതിർത്തിയോട് ചേർന്നുള്ള കർണാടക നഗരമായ ബിദാറിലെ പൊതുപരിപാടിക്കിടെയാണ് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.