പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; പാർലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു
വെബ് ഡെസ്ക്
Tuesday, March 28, 2023 3:58 PM IST
ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. കരിങ്കൊടി വീശിയും സ്പീക്കറുടെ മുഖത്തേക്ക് പേപ്പർ എറിഞ്ഞുമാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്.
രാവിലെ ഒരു മിനിറ്റ് മാത്രമാണ് ലോക്സഭ സമ്മേളിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടുവരെ സഭ പിരിഞ്ഞെങ്കിലും പിന്നീട് സമ്മേളിച്ചപ്പോഴും ബഹളം ശക്തമായതിനെ തുടർന്നാണ് ഇന്നത്തേക്ക് പിരിയാൻ തീരുമാനിച്ചത്.
കറുത്ത വസ്ത്രമണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ ഇന്നും ഇരുസഭകളിൽ എത്തിയത്. ജെപിസി അന്വേഷണമെന്ന ആവശ്യമുയർത്തി രാജ്യസഭയിലും പ്രതിപക്ഷം ബഹളം ശക്തമാക്കി. ഉച്ചകഴിഞ്ഞ് രണ്ടുവരെ രാജ്യസഭയും നിർത്തിവച്ചിരുന്നു.