ജി 20 ഷെര്‍പ്പമാരുടെ രണ്ടാംയോഗത്തിന് ഇന്നു കുമരകത്ത് തുടക്കം
Thursday, March 30, 2023 11:41 AM IST
കോട്ടയം: ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം ഇന്നു മുതല്‍ ഏപ്രില്‍ രണ്ടു വരെ കുമരകത്തു നടക്കും. ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് അധ്യക്ഷത വഹിക്കും.
ജി 20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട ഒമ്പതു രാഷ്ട്രങ്ങള്‍, വിവിധ അന്താരാഷ്ട്ര-പ്രാദേശിക സംഘടനകള്‍ എന്നിവയില്‍നിന്നുള്ള 120ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന നാലു ദിവസത്തെ സമ്മേളനത്തില്‍ ജി 20 യുടെ സാമ്പത്തിക-വികസന മുന്‍ഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ബഹുമുഖ ചര്‍ച്ചകള്‍ നടക്കും.
ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങൾ ഷെര്‍പ്പമാരുടെ രണ്ടാം യോഗം ചർച്ചചെയ്യും. ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തകസമിതികള്‍ക്കുകീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും.
വൈവിധ്യമാര്‍ന്ന ആഗോള വെല്ലുവിളികള്‍, വികസ്വര രാജ്യങ്ങളുടെ ആശങ്കകള്‍, സമാനമായ അന്താരാഷ്ട്ര കാര്യപരിപാടികള്‍, പ്രത്യേകിച്ചു വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് ഇന്ത്യ ജി 20 മുന്‍ഗണനകള്‍ തെരഞ്ഞെടുത്തത്.
ഇന്ത്യയുടെ ജി 20 പ്രമേയമായ വസുധൈവ കുടുംബകം-ഒരു ഭൂമി-ഒരു കുടുംബം-ഒരു ഭാവി എന്ന ആശയത്തിനു പിന്തുണ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. സംസ്ഥാന ഗവണ്മെന്റുമായി സഹകരിച്ചു കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാര്‍ന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും ഒരുക്കും.
ചര്‍ച്ചയും ആഹാരവും, സംസ്കാരിക പരിപാടികള്‍, മിനി തൃശൂര്‍ പൂരം, പരമ്പരാഗത ഓണസദ്യ, ചായ വള്ളം (വള്ളത്തിലിരുന്നുള്ള ചായസത്കാരം) തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്.