മലയാളി അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നു; ചെന്നൈയില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍
Friday, March 31, 2023 9:38 AM IST
ചെന്നൈ: മലയാളി അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ വിദ്യാര്‍ഥികള്‍ രാപ്പകല്‍ സമരത്തില്‍. ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കണമെന്നും ഇവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. പ്രതിഷേധത്തെതുടര്‍ന്ന് കലാക്ഷേത്ര ഏപ്രില്‍ ആറാം തീയതി വരെ അടച്ചിട്ടു.
കലാക്ഷേത്രയിലെ മലയാളി അധ്യാപകരായ ഹരിപദ്മന്‍, ശ്രീനാഥ്, സായികൃഷ്ണന്‍, സഞ്ജിത് ലാല്‍ എന്നിവരെ പുറത്താക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അക്കാദമിക് സ്കോര്‍ കുറയ്ക്കുമെന്നടക്കം ഭീഷണിപ്പെടുത്തി കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കിടയിലും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നെന്നാണ് ആരോപണം. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ മാനസികമായി തളര്‍ത്തുകയാണെന്നും പരാതിയുണ്ട്.
അതിക്രമത്തിനിരയായവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്. കോളജിലെ പ്രായപൂര്‍ത്തിയാത്ത വിദ്യാര്‍ഥികളടക്കം ആരോപണമുന്നയിച്ചിട്ടുണ്ട്.
ഇവിടുത്തെ മറ്റ് അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ സാമുഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ആരോപണവിധേയര്‍ക്കെതിരേ അധികൃതര്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തിറങ്ങിയത്.
പ്രതിഷേധം കടുപ്പിച്ചതോടെ ഉടനടി കാമ്പസും ഹോസ്റ്റലും വിട്ടുപോകണമെന്ന് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇവര്‍ പിരിഞ്ഞുപോകാന്‍ തയാറാകാത്തതോടെ വന്‍ പോലീസ് സംഘത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.