കോവിഡ് ഭീതി; ഗർഭിണികൾക്കും പ്രായമായവർക്കും മാസ്ക് നിർബന്ധം
Saturday, April 8, 2023 10:39 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഗർഭിണികൾ, പ്രായമായവർ, ജീവിതശൈലി രോഗമുള്ളവർ എന്നിവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 1,801 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ.
കോവിഡ് മരണം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് 60 വയസിനു മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് സർക്കാരിന്റെ കണക്ക്.
എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങൾ തുടരണമെന്നും രോഗികൾ കൂടുന്നത് മുന്നിൽ കണ്ട് ആശുപത്രി സജ്ജീകരണങ്ങളും ഓക്സിജൻ ലഭ്യതയും ഉറപ്പാക്കണമെന്നും വൈകിട്ട് ചേർന്ന ഉന്നതലയോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.