മെക്സിക്കോയിലെ റിസോർട്ടിൽ വെടിവയ്പ്പ്; ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർ മരിച്ചു
Sunday, April 16, 2023 9:36 PM IST
മെക്സിക്കോ സിറ്റി: ദക്ഷിണ മെക്സിക്കോയിലെ ഗുവാനയുവാറ്റോ സംസ്ഥാനത്തുള്ള റിസോർട്ടിൽ നടന്ന വെടിവയ്പ്പിൽ ഏഴ് വയസുള്ള ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോർട്ടസാർ പട്ടണത്തിലെ റിസോർട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ആയുധങ്ങളുമായി കുതിച്ചെത്തിയ അക്രമിസംഘം ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മയക്കുമരുന്ന് മാഫിയകൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ആക്രമണത്തിന് ശേഷം സംഘം റിസോർട്ടിലെ വ്യാപാരശാല തകർക്കുകയും സിസിടിവി കാമറകൾ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.