അമൃത്പാൽ സിംഗിനെതിരെ എൻഎസ്എ ചുമത്തി
Monday, April 24, 2023 11:01 AM IST
അമൃത്സർ: അറസ്റ്റിലായ ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനെതിരെ ദേശീയ സുരക്ഷാ നിയമം(എൻഎസ്എ) ചുമത്തിയതായി പോലീസ് വ്യക്തമാക്കി.
പാക് സംഘടനയായ ഐസ്ഐയുടെ മുന്നണിപ്പോരാളിയായി പഞ്ചാബിൽ വിഘടനവാദം വളർത്താൻ ശ്രമിച്ചതിനും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതും ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
അജ്നാല പോലീസ് സ്റ്റേഷൻ ആക്രമണം, തീവ്ര യാഥാസ്ഥിതിക ആചാരങ്ങൾ നടപ്പിലാക്കാൻ ഗുരുദ്വാരകൾ ആക്രമിക്കൽ, ഹിന്ദു, ക്രിസ്ത്യൻ മതങ്ങളെ ആക്ഷേപിക്കൽ തുടങ്ങി സിംഗ് ചെയ്ത കുറ്റങ്ങളും എൻഎസ്എ ചുമത്താൻ കാരണമായി.
ജോർജിയയിൽ വച്ച് സിംഗിന് ഐഎസ്ഐ പരിശീലനം ലഭിച്ചെന്നും ഇതിന് ശേഷമാണ് ഇയാൾ ദുബായ്യിലേക്ക് എത്തിയതെന്നും പോലീസ് അറിയിച്ചു. ഡ്രോൺ വഴി ആയുധങ്ങളും ലഹരിമരുന്നും രാജ്യാന്തര അതിർത്തി കടന്ന് എത്തുമ്പോൾ അവ കൃത്യസ്ഥലങ്ങളിലേക്ക് മാറ്റാൻ സിംഗിനെ നിയോഗിക്കാൻ ഐഎസ്ഐ പദ്ധതി ഇട്ടിരുന്നതായും പോലീസ് പറഞ്ഞു.
പഞ്ചാബ് ജയിലിൽ പാർപ്പിച്ചാൽ തീവ്ര ചിന്താഗതിയുള്ള തടവുകാർക്കൊപ്പം ചേർന്ന് കലാപം സൃഷ്ടിച്ച് ജയിൽചാട്ടം നടത്താൻ സാധ്യതയുള്ളതിനാലാണ് സിംഗിനെ ആസാമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റിയതെന്നും അധികൃതർ അറിയിച്ചു.