അഗ്നിവീറുകൾക്ക് റെയിൽവേയിൽ 15% സംവരണം
Saturday, May 13, 2023 1:19 AM IST
ന്യൂഡൽഹി: അഗ്നിവീറുകൾക്ക് 15 ശതമാനം സംവരണം ഉറപ്പാക്കി റെയിൽവേ ബോർഡ്. റെയിൽവേയിലെ നോണ്‍ ഗസറ്റഡ് തസ്തികകളിലെ ഒഴിവുകൾക്കുള്ള പ്രായപരിധിയിൽ അഗ്നിവീറുകൾക്ക് പരമാവധി അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഒഴിവുകളിലേക്കുള്ള കായികക്ഷമതാ പരീക്ഷയും അഗ്നിവീറുകൾ നേരിടേണ്ടതില്ലെന്നു റെയിൽവേ ബോർഡ് വ്യക്തമാക്കി.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ ലെവൽ ഒന്നിൽ പത്തു ശതമാനം സംവരണവും ലെവൽ രണ്ടിനും അതിനു മുകളിലേക്കുമുള്ള നോണ്‍ ഗസറ്റഡ് തസ്തികകളിൽ അഞ്ചു ശതമാനവുമാണ് അഗ്നിവീറുകൾക്കുള്ള സംവരണം.
ആദ്യബാച്ച് അഗ്നിവീറുകൾക്ക് പ്രായപരിധിയിൽ അഞ്ചു വർഷത്തെയും പിന്നീടുള്ള ബാച്ചുകൾക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. സായുധസേനയിൽ നാലു വർഷത്തെ സേവനം പൂർത്തിയാക്കുന്ന അഗ്നിവീറുകൾക്ക് റെയിൽവേ റിക്രൂട്ടിംഗ് ഏജൻസികൾ മേൽപ്പറഞ്ഞ സംവരണം ഉറപ്പുനൽകണമെന്ന് ആവശ്യപ്പെട്ടു റെയിൽവേ ബോർഡ് ജനറൽ മാനേജർമാർക്ക് കത്തയച്ചു.
സർവീസ് കാലയളവ് വിജയകരമായി പൂർത്തിയാക്കിയതിന്റെ രേഖകൾക്കൊപ്പമാണ് അഗ്നിവീറുകൾ കേന്ദ്ര തൊഴിൽ വിജ്ഞാപനങ്ങൾക്ക് അപേക്ഷിക്കേണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുപുറമേ നിരവധി വ്യവസായ സ്ഥാപനങ്ങളും അഗ്നിവീറുകൾക്ക് തൊഴിൽ സംവരണം വാഗ്ദാനം ചെയ്യുന്നുണ്ട്.
കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 25 ശതമാനം അഗ്നിവീറുകളെ മാത്രമാണു സേനയിൽ സ്ഥിരപ്പെടുത്തുക.