കണ്ണീരണിഞ്ഞ് ഡികെ; "വിജയം നേടുമെന്ന് സോണിയാ ഗാന്ധിക്ക് നൽകിയ ഉറപ്പ് പാലിച്ചു'
Saturday, May 13, 2023 3:17 PM IST
ബംഗളൂരു: കർണാടകയിൽ വിജയം നേടുമെന്ന് സോണിയാ ഗാന്ധിക്ക് നൽകിയ ഉറപ്പ് പാലിച്ചെന്ന് പിസിസി അധ്യക്ഷന് ഡി.കെ. ശിവകുമാർ. ജയമുറപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട വേളയിൽ വീകാരാധീനനായ ഡികെ, പാർട്ടി പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.
താൻ ജയിലിൽ കഴിഞ്ഞിരുന്ന വേളയിൽ സോണിയ തന്നെ സന്ദർശിക്കാനെത്തിയത് മറക്കാനാവില്ലെന്നും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നൽകിയ വാക്ക് പാലിച്ചെന്നും ഡികെ പറഞ്ഞു.
ക്ഷേത്രസമാനമായി തങ്ങൾ കണക്കാക്കുന്ന കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് തുടർചർച്ചകൾ നടത്തുമെന്നും സിദ്ധരാമയ്യ അടക്കമുള്ള സംസ്ഥാന നേതാക്കൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.