ഞായറാഴ്ച കടുത്ത തീരുമാനം, രാജ്യത്തിന് വേദനിക്കും: പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ ഐപിഎൽ വേദിക്കുമുന്നിൽ
Saturday, May 20, 2023 6:05 PM IST
ന്യൂഡൽഹി: ഐപിഎൽ വേദിക്കുമുന്നിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിനു മുന്നിലാണ് ഗുസ്തിതാരങ്ങൾ പ്രതിഷേധിച്ചത്. പ്ലക്കാർഡുകളുമായെത്തിയ താരങ്ങളെ പോലീസ് തടഞ്ഞു. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ഞായറാഴ്ച വലിയ തീരുമാനം ഉണ്ടാകുമെന്ന് ഗുസ്തിതാരങ്ങൾ അറിയിച്ചിരുന്നു.
രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് നിരക്കാത്ത തീരുമാനമാകും ഉണ്ടാകുകയെന്നും ഗുസ്തി താരങ്ങൾ പറയുന്നു. ഖാപ് പഞ്ചായത്ത് ചേർന്ന് പ്രഖ്യാപനം നടത്തുമെന്നാണ് താരങ്ങളുടെ മുന്നറിയിപ്പ്. കർഷക പ്രക്ഷോഭം പോലെ ഖാപ്പുകളുടെ തീരുമാനവും രാജ്യത്തെ വേദനിപ്പിക്കുമെന്ന് ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് വിനേഷ് ഫോഗട്ട് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ സരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഏപ്രിൽ 23 മുതൽ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ സമരം നടത്തിവരികയാണ്.