വന്യജീവി ആക്രമണം: ജോസ് കെ. മാണി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
Thursday, May 25, 2023 9:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മലയോര മേഖലയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനും ഇത്തരം ആക്രമങ്ങളുണ്ടാകുമ്പോള്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരടങ്ങുന്ന വിപുലമായ അധികാരങ്ങളുള്ള ഒരു ഉന്നതതല ഉദ്യോഗസമതിക്ക് രൂപം നല്‍കണമെന്ന് ജോസ് കെ .മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണം രൂക്ഷമാണെന്നും ഇത് പ്രതിരോധിക്കുവാനോ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനോ വനംവകുപ്പിന് മാത്രമായി സാധിക്കുകയില്ല എന്നതാണ് യാഥാര്‍ഥ്യം.
കോട്ടയത്ത് കണമലയില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാനുള്ള എക്സിക്യൂട്ടീവ് മജിസ്രേട്ട് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്. സമാന സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഈ സമിതിക്ക് ഫലപ്രദമായി ഇടപെടാന്‍ സാധിക്കുമെന്ന നിര്‍ദേശത്തോട് മുഖ്യമന്ത്രി അനുകൂലമായിട്ടാണ് പ്രതികരിച്ചത്.
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്നും ഇക്കാര്യത്തില്‍ വന്യജീവി ആക്രമണമുണ്ടാകുന്ന മറ്റ് സംസ്ഥാനങ്ങളെ കൂടി സഹകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. വിഷയത്തിന്റെ ഗൗരവം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സര്‍വകക്ഷി പ്രതിനിധിസംഘത്തെ അയക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
വനാതിര്ത്തികളില്ലാത്ത പ്രദേശങ്ങളിലും വന്യജീവി ആക്രമണം നടക്കുന്നുണ്ട്. കോട്ടയം പാലാ ചക്കാമ്പുഴയില്‍ കുറുനരിയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ ആശങ്കകളും ജോസ്.കെ.മാണി മുഖ്യമന്ത്രിയെ അറിയിച്ചു.