പഴയ ഓണ്‍ലൈൻ അപേക്ഷകളിൽ തീർപ്പാക്കുന്നില്ല; വില്ലേജ് ഓഫീസുകളിൽ ക്രമക്കേട്
Saturday, May 27, 2023 10:29 PM IST
തിരുവനന്തപുരം: ചില വില്ലേജ് ഓഫീസുകളിൽ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളിൽ പോലും മുൻഗണനാ ക്രമം തെറ്റിച്ചു തീർപ്പാക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. പ്രാഥമികമായി ക്രമക്കേട് കണ്ടെത്തിയ വില്ലേജ് ഓഫീസുകളിൽ വിശദ പരിശോധന നടത്തി വരികയാണ്. ഗുരുതര ക്രമക്കേട് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി അടക്കം സ്വീകരിക്കാനാണു നിർദേശം.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധന റിപ്പോർട്ട് സമാഹരിച്ച് നൽകാൻ റവന്യൂ മന്ത്രി കെ. രാജൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകി. അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക.
റവന്യു മന്ത്രി കെ. രാജനും ലാൻഡ് റവന്യൂ കമ്മീഷണറും കളക്ടർമാരും വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഡപ്യൂട്ടി കളക്ടർമാരുടെയും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.