അഗ്നിശമനസേനയുടെ മുന്നറിയിപ്പുകൾ പല വകുപ്പുകളും അവഗണിക്കുന്നു: ബി. സന്ധ്യ
സ്വന്തം ലേഖകൻ
Monday, May 29, 2023 12:51 PM IST
തിരുവനന്തപുരം: അഗ്നിശമനസേനയുടെ ഫയർ ഓഡിറ്റ് റിപ്പോർട്ടുകളും നോട്ടീസുകളും പല വകുപ്പുകളും അവഗണിക്കുന്നുവെന്ന് ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ.
ഫയർ ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകിയിട്ടും പല വകുപ്പുകളും നടപടികളൊന്നും സ്വീകരിക്കുന്നില്ല. എൻഫോഴ്സ്മെന്‍റ് അധികാരമില്ലാത്തതിനാൽ ഫയർഫോഴ്സിന് നോട്ടീസ് നൽകാൻ മാത്രമെ കഴിയുകയുള്ളുവെന്നും സന്ധ്യ വ്യക്തമാക്കി.
ഫയർഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് മുന്നോടിയായി തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫെയർവെൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബി. സന്ധ്യ.
സുരക്ഷാ ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകിയിട്ടും താനൂരിൽ ബോട്ടപകടം ഉണ്ടായി. ഈ ദുരന്തം നമ്മളെ ചിന്തിപ്പിക്കണം. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നാമോരുത്തരും തയാറാകണമെന്നും ഫയർഫോഴ്സ് മേധാവി കൂട്ടിച്ചേർത്തു.