കണ്ണൂരിൽ ബസിൽ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം
Monday, May 29, 2023 10:00 PM IST
കണ്ണൂർ: ബസിൽവച്ച് മധ്യവയസ്കൻ നഗ്നത പ്രദർശിപ്പിച്ചതായി യുവതിയുടെ പരാതി. നഗ്നത പ്രദർശിപ്പിച്ചയാളുടെ ഫോട്ടോ സഹിതം സാമൂഹ്യ മാധ്യമങ്ങളിലാണ് യുവതി ദുരനുഭവം പങ്കുവച്ചത്.
ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വകാര്യ ബസിലാണ് യുവതിയ്ക്ക് നേരെ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനവും മോശം പെരുമാറ്റവുമുണ്ടായത്.
യുവതി ബസിൽ കയറുമ്പോൾ ഇയാൾ മാത്രമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. തുടർന്ന് യുവതിയുടെ അടുത്ത സീറ്റിൽ വന്നിരുന്ന് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുന്നുണ്ടെന്ന് മനസിലാക്കിയിട്ടും ഇയാൾ പിൻമാറിയില്ല.
ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ ഇറങ്ങിപോയി. യുവതി ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തി. പ്രതിയെ അവിടെയെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തുടർന്നാണ് വിഷയം സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.
സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ വ്യക്തമാക്കി. ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും യുവതിയിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ തേടുമെന്നും പോലീസ് പറഞ്ഞു.