ഉടൻ വിരമിക്കില്ല; അടുത്ത സീസൺ കളിക്കാൻ ശ്രമിക്കുമെന്ന് ധോണി
Tuesday, May 30, 2023 3:52 AM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഐപിഎൽ ഫൈനലിനു ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഐപിഎൽ സീസൺ കളിക്കാനാകും ഇനിയുള്ള ശ്രമമെന്ന് ഹർഷ ഭോഗ്ലയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു.
"എന്റെ വിരമിക്കലിനുള്ള ഏറ്റവും നല്ല സമയമാണിത്. പക്ഷേ എനിക്ക് എല്ലായിടത്തും ലഭിച്ച സ്നേഹത്തിന്റെ അളവുണ്ട്. ഇവിടെ നിന്ന് ഒഴിഞ്ഞുമാറുക എളുപ്പമുള്ള കാര്യമാണ്. എന്നാൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഒമ്പതു മാസം കഠിനാധ്വാനം ചെയ്ത് മറ്റൊരു ഐപിഎൽ കളിക്കാൻ ശ്രമിക്കുക എന്നതാണ്.
ഇത് എന്റെ ഒരു സമ്മാനമായിരിക്കും. എന്റെ ശരീരത്തിന് അത് എളുപ്പമല്ല. എങ്കിലും അതിനായി ശ്രമിക്കും. ഒരു തീരുമാനം എടുക്കാൻ ഏഴു മാസമുണ്ട്.'- ധോണി പറഞ്ഞു. ഫൈനലിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ കിരീടം ഉയർത്തിയത്. സിഎസ്കെയുടെ അഞ്ചാം കിരീടം.