പുൽപ്പള്ളി വായ്പാത്തട്ടിപ്പ്; കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Wednesday, May 31, 2023 10:50 PM IST
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പാത്തട്ടിപ്പിനിരയായ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വയനാട് ജില്ലാ കളക്ടറും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും 15 ദിവസത്തിനകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. കേസ് കൽപറ്റയിൽ വച്ച് നടക്കുന്ന അടുത്ത സിറ്റിംഗിൽ പരിഗണിക്കും.
കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത് രാജേന്ദ്രന് നായര്(60) എന്ന നിക്ഷേപകൻ കഴിഞ്ഞ ദിവസമാണ് വായ്പാത്തട്ടിപ്പിനെത്തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കിയത്. 2016 -17 കാലഘട്ടത്തില് 70 സെന്റ് ഈട് നല്കി രാജേന്ദ്രന് 70,000 രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ 2019-ല് ബാങ്കില് നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു. 24,30,000 രൂപ വായ്പയുണ്ടെന്നായിരുന്നു നോട്ടിസില് രേഖപ്പെടുത്തിയിരുന്നത്.
ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം രാജേന്ദ്രന് അറിയുന്നത്. പിന്നീടിത് പലിശ ഉള്പ്പെടെ 46 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി മാറി. ഇതോടെ അന്നത്തെ കോണ്ഗ്രസ് ഭരണ സമിതി തന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള് തട്ടിയെന്ന് കാണിച്ച് രാജേന്ദ്രന് പോലീസില് പരാതി നല്കി.
ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാല് ബാങ്കില് പണയം വെച്ച ഭൂമി വില്ക്കാന് രാജേന്ദ്രനായില്ല. പിന്നാലെ കഴിഞ്ഞ ദിവസം രാജേന്ദ്രന് ജീവനൊടുക്കുകയായിരുന്നു.