സി.പി. ജോണ്‍ യുഡിഎഫ് സെക്രട്ടറി
Thursday, June 1, 2023 7:53 PM IST
തിരുവനന്തപുരം: യുഡിഎഫ് സെക്രട്ടറിയായി സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനെ നിയോഗിച്ചു. യുഡിഎഫ് സെക്രട്ടറിയായിരുന്ന ജോണി നെല്ലൂർ കേരള കോണ്‍ഗ്രസ് വിട്ടു പുതിയ പാർട്ടി രൂപീകരിച്ച സാഹചര്യത്തിലാണു സി.പി. ജോണിനെ മുന്നണി സെക്രട്ടറിയാക്കിയത്.
രാഷ്ട്രീയ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ യുഡിഎഫിന്റെ കരുത്തായി സി.പി.ജോണ്‍ എല്ലാക്കാലവും മുന്നണിക്കൊപ്പം നിന്നെങ്കിലും അർഹമായ സ്ഥാനങ്ങൾ നൽകിയില്ലെന്ന പരാതി പലരും ഉന്നയിച്ചു. ഈ പരാതി കൂടി കണക്കിലെടുത്താണ് സി.പി.ജോണിന് പുതിയ ചുമതല നൽകിയത്. സംസ്ഥാന ആസൂത്രണ ബോർഡ് മുൻ വൈസ് ചെയർമാനാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് യുഡിഎഫ് ചെയർമാൻ. കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനാണ് യുഡിഎഫ് കണ്‍വീനർ.