കാളയെ കൊല്ലാമെങ്കിൽ പശുവിനെ എന്തുകൊണ്ട് പറ്റില്ല; ഗോവധത്തോട് ഗോ പറയാൻ കർണാടക
വെബ് ഡെസ്ക്
Sunday, June 4, 2023 4:44 PM IST
ബംഗളൂരു: കർണാടകയിലെ ഗോവധ നിരോധന നിയമത്തിൽ മാറ്റത്തിനൊരുങ്ങി കർണാടകയിലെ കോൺഗ്രസ് സർക്കാർ. കർശന വ്യവസ്ഥകളുള്ള ബിജെപി സർക്കാരിന്റെ കാലത്തെ നിയമഭേദഗതി പിൻവലിക്കാനാണ് ആലോചിക്കുന്നതെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. വെങ്കിടേഷ് അറിയിച്ചു.
നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള മാറ്റങ്ങൾ ആലോചനയിലാണ്. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുക്കളെ എന്തുകൊണ്ട് കൊന്നുകൂടാ? പ്രായാധിക്യം മൂലം ചാവുന്ന പശുക്കളെ കുഴിച്ചിടാൻ പോലും കർഷകർ ബുദ്ധിമുട്ടുന്നു. നിയമത്തിന്റെ നൂലാമാലകളെ ഭയക്കണമെന്നും മന്ത്രി വെങ്കിടേഷ് പറഞ്ഞു.
1964ലെ ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്തി 2010ലും 2012ലും കർണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ് യെദിയൂരപ്പ രണ്ട് ബില്ലുകൾ കൊണ്ടു വന്നിരുന്നു.
പിന്നീട് സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇളവുകൾ അനുവദിച്ചുവെങ്കിലും വീണ്ടും ബിജെപി അധികാരത്തിലെത്തിയതോടെ കർശന ഉപാധികളോടെ നിയമത്തിൽ ഭേദഗതിയുണ്ടായി. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും 50,000 രൂപ മുതൽ അഞ്ച് ലക്ഷം വരെ പിഴശിക്ഷയുമുണ്ട്.