ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം
Sunday, June 4, 2023 7:03 PM IST
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം. റെയിൽവേ ബോർഡാണ് സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
ബാലസോറിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടികൾ തുടരുകയാണെന്നും റെയിൽവേ മന്ത്രി അറിയിച്ചു. പ്രതിപക്ഷ പാർട്ടികൾ റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം അപകടത്തിൽ മരിച്ച 275 പേരിൽ 88 പേരുടെ മൃദദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. 1,175 പേർക്കാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പരിക്കേറ്റത്. അവരിൽ, 793 പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടുവെന്നും പ്രദീപ് അറിയിച്ചു
ഒഡീഷയിൽ അപകടത്തിൽപ്പെട്ട കോറമാണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ നിര്‍ണായ മൊഴിയും പുറത്തുവന്നു. ഗ്രീൻ സിഗ്നൽ ലഭിച്ചശേഷമാണ് ട്രെയിൻ നീങ്ങിയത്. ട്രെയിൻ അമിതവേഗതയിൽ ആയിരുന്നില്ല. സിഗ്നലുകൾ ഒന്നും ലംഘിച്ചിട്ടില്ലെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ലോക്കോ പൈലറ്റ് മൊഴി നൽകി.