നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
Monday, June 5, 2023 12:36 PM IST
തൃശൂര്‍: നടനും ഹാസ്യതാരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു.
കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ച കാര്‍ എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി.
2015ൽ റിലീസ് ചെയ്ത കാന്താരി എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷന്, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്, എസ്കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.