വിമര്‍ശിച്ചത് കെ ഫോണ്‍ പദ്ധതിയെ അല്ല, അതിന് പിന്നിലെ അഴിമതിയെ: സതീശന്
Tuesday, June 6, 2023 4:55 PM IST
തിരുവനന്തപുരം: എഐ കാമറ ഇടപാടിലും കെ ഫോണ്‍ പദ്ധതിയിലും വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് അഴിമതി നടത്തുന്നതെന്നും സതീശന് വിമര്‍ശിച്ചു.
കെ ഫോൺ പദ്ധതിക്കുവേണ്ടി കേബിള്‍ ഇട്ടതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു. ഇന്ത്യന്‍ നിര്‍മാതാക്കളില്‍ നിന്നാണ് കേബിളുകള്‍ വാങ്ങണമെന്ന വ്യവസ്ഥ പാലിച്ചില്ല. നിലവാരം കുറഞ്ഞ കേബിളുകള്‍ ചൈനയില്‍നിന്ന് വരുത്തിയാണ് പദ്ധതിക്ക് വേണ്ടി ഉപയോഗിച്ചത്.
പദ്ധതിക്ക് 50 ശതമാനം ടെന്‍ഡര്‍ എക്സസ് കൂട്ടികൊടുത്തത് എം.ശിവശങ്കറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു പ്രോജക്റ്റിന് 500 കോടി രൂപ കൂട്ടി കൊടുക്കാന്‍ ശിവശങ്കര്‍ ആരാണെന്ന് സതീശന് ചോദിച്ചു. 50 ശതമാനം ടെന്‍ഡര്‍ എക്സസ് കൂട്ടികൊടുക്കുമ്പോള്‍ ഒരു വിദഗ്ധ സമിതിയെ വച്ച് പരിശോധിക്കേണ്ടതല്ലേ എന്നും സതീശന് ചോദ്യം ഉന്നയിച്ചു.
കെ ഫോണ്‍ പദ്ധതിയെയല്ല അതിന് പിന്നിലെ അഴിമതിയെ ആണ് വിമര്‍ശിച്ചതെന്ന് സതീശന് പറഞ്ഞു. എസ്ആര്‍ഐടിയുമായി ബന്ധമുള്ള കമ്പനികള്‍ക്ക് ടെന്‍ഡര്‍ ലഭിക്കാന്‍ വേണ്ടി ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി.
ആദ്യം ടെന്‍ഡര്‍ വിളിച്ച് കരാര്‍ കിട്ടിയ കമ്പനിയെ ഒരു കാരണവും കൂടെ ഒഴിവാക്കിയെന്നും സതീശന് ആരോപിച്ചു. എസ്ആര്‍ഐടിയുടെ സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് മാത്രമെ ഇപ്പോള്‍ ടെണ്ടറില്‍ പങ്കെടുക്കാന്‍ കഴിയു.
കേബിളിന്റെ 50 ശതമാനം കുത്തക കമ്പനികള്‍ക്കാണ് ലീസ് ഔട്ട് ചെയ്തിരിക്കുന്നത്. എന്നിട്ട് മുഖ്യമന്ത്രി കുത്തകകൾക്കെതിരെ പ്രസംഗം നടത്തുകയാണ്.
കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ധൂര്‍ത്തല്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ശങ്കരനാരായണന് തമ്പി ഹാളില്‍ നടന്ന പരിപാടിക്കുവേണ്ടി നാലരക്കോടി രൂപ ചെലവിട്ടത് ധൂര്‍ത്തല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും സതീശന് ചോദിച്ചു.
ഒരു മന്ത്രിമാരും അഴിമതിയെ പ്രതിരോധിക്കാന്‍ വരുന്നില്ല. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറ്റ് മന്ത്രിമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.