യുദ്ധക്കളം..! സബലെങ്കയ്ക്കു കൈകൊടുക്കാതെ യുക്രെയ്ൻ താരം
Tuesday, June 6, 2023 10:36 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പണിലെ കളിമൺ മൈതാനത്ത് യുദ്ധം ചർച്ചയാക്കി യുക്രെയ്നിന്റെ എലിന സ്വിറ്റോളിന. ക്വാർട്ടറിൽ പരാജയപ്പെട്ട ശേഷം എതിരാളിക്ക് കൈകൊടുക്കുവാൻ തയാറാകാതെ സ്വിറ്റോളിന മടങ്ങിയതോടെയാണ് വീണ്ടും കളത്തിൽ യുദ്ധം ചർച്ചയായത്.
ബെലാറൂസിന്റെ അരിന സബലെങ്കയായിരുന്നു സ്വിറ്റോളിനയുടെ എതിരാളി. മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് സബലെങ്ക ജയിച്ചു. സ്കോർ: 6-4, 6-4.
മത്സരശേഷം നെറ്റിന് അടുത്തെത്തി ഷേക് ഹാൻഡിന് കാത്തുനിന്ന സെബലെങ്കയെ ഗൗനിക്കാതെ റഫറിക്ക് കൈകൊടുത്ത് സ്വിറ്റോളിന നടന്നുനീങ്ങുകയായിരുന്നു. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യയെ പിന്തുണയ്ക്കുന്ന രാജ്യമാണ് ബെലാറൂസ്. അവിടെനിന്നുള്ള താരമായതിനാലാണ് സ്വിറ്റോളിന കൈകൊടുക്കാതെ പിരിഞ്ഞത്.
ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് സബലെങ്ക പ്രതികരിച്ചു. നേരത്തെ രണ്ട് മത്സരങ്ങളിലും സ്വിറ്റോളിന ഹാൻഡ് ഷേക്കിന് മുതിർന്നിരുന്നില്ല. റഷ്യൻ താരങ്ങളെയാണ് മുൻപത്തെ മത്സരങ്ങളിൽ സ്വിറ്റോളിന പരജായപ്പെടുത്തിയത്. ഇവർക്ക് നേരെ തംസ്അപ് കാണിച്ചാണ് അവർ മടങ്ങിയത്.