സമരം തീരുന്നു? ബജ്റംഗ് പുനിയയും സാക്ഷി മാലിക്കും അനുരാഗ് ഠാക്കൂറുമായി ചര്‍ച്ച നടത്തി
Wednesday, June 7, 2023 2:38 PM IST
ന്യൂഡല്‍ഹി: ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ് ഭൂഷണ് സിംഗിനെതിരേ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കേന്ദ്ര കായികമന്ത്രി നിര്‍ണായക ചര്‍ച്ച നടത്തി. സമരമുഖത്തുള്ള ബജ്റംഗ് പുനിയ, സാക്ഷി മാലിക് അവരുടെ ഭര്‍ത്താവ് സത്യവര്‍ത് കാഡിയന് എന്നിവരാണ് ചര്‍ച്ചകള്‍ക്കായി അനുരാഗ് ഠാക്കൂറിന്റെ വസതിയില്‍ എത്തിയത്.
കൂടിക്കാഴ്ചയില്‍ കര്‍ഷക നേതാവ് രാകേഷ് ടികായത്തും പങ്കെടുക്കുന്നതായാണ് വിവരം. ഗുസ്തി താരങ്ങളുയര്‍ത്തുന്ന വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്ന് അനുരാഗ് ഠാക്കൂര്‍ ചൊവ്വാഴ്ച രാത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്.
കഴിഞ്ഞദിവസം ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സാക്ഷി മാലിക് അടക്കമുള്ളവര്‍ സമരത്തില്‍നിന്ന് പിന്മാറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. സാക്ഷി ജോലിയില്‍ തിരികെ പ്രവേശിക്കുകയുമുണ്ടായി.
എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ഗുസ്തിതാരം ബജ്റംഗ് പുനിയ കഴിഞ്ഞദിവസം വ്യക്തമാക്കി. നീതി ലഭിക്കും വരെ സമരം തുടരുമെന്നും പുനിയ പറഞ്ഞു.