വിമാനത്തിലെ കൈയേറ്റം; ഇ.പി.ജയരാജനെതിരായ പരാതി എഴുതിത്തള്ളിയേക്കും
Thursday, June 8, 2023 5:13 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ ഇന്‍ഡിഗോ വിമാനത്തിലെ കൈയേറ്റത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരേയുള്ള പരാതി എഴുതിത്തള്ളിയേക്കും.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്സീന് മജീദിന്റെയും നവീന്‍ കുമാറിന്റെയും പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-ന് വിമാനത്തിനുള്ളില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫര്സീന് മജീദും നവീന്‍ കുമാറും പ്രതിഷേധം നടത്തിയ സമയത്ത് ഇ.പി ഇരുവരേയും ആക്രമിച്ചെന്നായിരുന്നു പരാതി.
പരാതിയില്‍ പറയുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനു പിന്നാലെ പരാതിക്കാരായ ഫര്സീന് മജീദിനും നവീന്‍ കുമാറിനും വലിയതുറ പോലീസ് കണ്ണൂരിലെത്തി നോട്ടീസും നല്കി.
വിഷയത്തില്‍ നല്കിയ പരാതിയില്‍ കഴമ്പില്ലെന്നും ഇതുസംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയെ സമീപിക്കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.