ബ്രിജ്ഭൂഷണിനെതിരെ പോക്സോ നിലനിൽക്കില്ല; പെണ്‍കുട്ടിയുടെ പ്രായത്തിൽ മാറ്റമുണ്ടെന്ന് വെളിപ്പെടുത്തൽ
Thursday, June 8, 2023 10:57 PM IST
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരണ്‍ സിംഗിന് എതിരായ ലൈംഗികാതിക്രമ കേസിൽ വഴിത്തിരിവ്. ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയ 17 വയസുകാരി നേരത്തെ നൽകിയ മൊഴി മാറ്റിയതിന് പിന്നാലെ, പെണ്‍കുട്ടിയുടെ പ്രായത്തിലും മാറ്റമുണ്ടെന്ന് വെളിപ്പെടുത്തൽ.
പെണ്‍കുട്ടിയുടെ അച്ഛനാണ് മകൾക്ക് പ്രായപൂർത്തിയായിരുന്നെന്ന് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പുതിയ മൊഴിപ്രകാരം ലൈംഗികാരോപണ പരാതി പോലും ബ്രിജ് ഭൂഷനെതിരെ നിലനിൽക്കില്ലെന്നാണ് വിദഗധർ ചൂണ്ടിക്കാട്ടുന്നത്.
പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്നതായിരുന്നു പെണ്‍കുട്ടി ബ്രിജ് ഭൂഷണെതിരെ നേരത്തെ നൽകിയ മൊഴി. എന്നാൽ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച ഇപ്പോഴത്തെ വെളിപ്പെടുത്തൽ കേസ് ആകെ മാറ്റിമറിക്കും.
ബ്രിജ് ഭൂഷണെതിരെ ഇനി പോക്സോ കേസ് നിലനിൽക്കില്ല. ഏഴുപേരാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് പരിധിയിൽ വരുന്ന എഫ്ഐആർ റദ്ദാകും.
ജൂണ്‍ അഞ്ചിന് മജിസ്ട്രേറ്റിന് മുന്‍പാകെ പരാതിക്കാരി പുതിയ മൊഴി നൽകിയിരുന്നു. മൊഴി പുതുക്കി നൽകുക മാത്രമാണ് ചെയ്തതെന്നും കേസ് പിൻവലിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛൻ വിശദീകരിച്ചിരുന്നു.
എന്നാൽ, ബ്രിജ് ഭൂഷനെതിരെ ഒരു പരാതിയുമില്ലെന്നാണ് ഇപ്പോൾ പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നത്. ദേശീയ ഗുസ്തി ഫെഡറേഷൻ മകളോട് വിവേചനം കാണിച്ചിരുന്നു. അതിലുള്ള ദേഷ്യംമൂലമാണ് ലൈംഗാതിക്രമ പരാതി ഉന്നയിച്ചത്. ബ്രിജ് ഭൂഷണ് അപമര്യാദയായി പെരുമാറിയിട്ടില്ല. കഴിഞ്ഞ വർഷത്തെ ഏഷ്യൻ ചാന്പ്യൻഷിപ്പിനുള്ള ട്രയൽസ് ഫൈനലിൽ തോറ്റതിന്റെ ദേഷ്യത്തിലായിരുന്നു മകൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇപ്പോൾ മൊഴി തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.