സെന്തിൽ ബാലാജിയുടെ ജാമ്യഹർജി തള്ളി; ആശുപത്രിയിൽവച്ച് ചോദ്യം ചെയ്യാമെന്ന് കോടതി
Friday, June 16, 2023 7:59 PM IST
ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽവിട്ടു. സെന്തിൽ നൽകിയ ജാമ്യഹർജി തള്ളിയാണ് സെഷൻസ് കോടതിയുടെ നടപടി.
എട്ട് ദിവസത്തേയ്ക്കാണ് ഇഡി കസ്റ്റഡി. ഈ മാസം 23ന് കേസ് വീണ്ടും കോടതി പരിഗണിക്കും. അന്ന് ബാലാജിയെ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നെഞ്ചുവേദനയെ തുടർന്നു ചികിത്സ തേടിയ സെന്തിലിനെ ആശുപത്രിയിൽവച്ച് ചോദ്യം ചെയ്യാമെന്നും കോടതി ഉത്തരവിട്ടു. സെന്തിലിന് ചികിത്സ തുടരാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം സെന്തിലിന്റെ സുരക്ഷ കേന്ദ്രസേന എറ്റെടുക്കും. നിലവിൽ ജയിൽ വകുപ്പിനാണ് സുരക്ഷാ ചുമതല.