വ്യാജ സര്‍ട്ടിഫിക്കറ്റ്: യുജിസിക്ക് പരാതി നല്കി ബിജെപി
Friday, June 23, 2023 10:21 PM IST
തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയ സംഭവത്തിൽ യുജിസിക്ക് പരാതി നൽകി ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പരാതി നല്‍കിയത്.
പി.എം. ആര്‍ഷോ, കെ. വിദ്യ, നിഖില്‍ തോമസ് എന്നിവരുമായി ബന്ധപ്പെട്ട കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.
സംഭവത്തിന്റെ ഗൂഡാലോചനയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മഹാരാജാസ് കോളജ് അടക്കമുള്ള സ്ഥാപനങ്ങളുടെ യശസ് കെടുത്തിയെന്നും സുരേന്ദ്രന് പരാതിയില്‍ രേഖപ്പെടുത്തി.
വിവാദങ്ങൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മേഖലയെ സംശയത്തിന്റെ നിഴലിലാക്കി. വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണം. കേരളത്തിലെ സര്‍വകലാശാലകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കണം.
സ്വയംഭരണ അവകാശമുള്ള കോളജുകള്‍ യുജിസി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. വ്യാജ രേഖകള്‍ ഉപയോഗിച്ച് പ്രവേശനവും ജോലിയും നേടിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സുരേന്ദ്രൻ പരാതിയിൽ പറഞ്ഞു.