ഒക്ടോബറിൽ റോമിൽ നടക്കുന്ന സിനഡിൽ മെത്രാന്മാരല്ലാത്ത മലയാളി സാന്നിധ്യങ്ങൾ
ഒക്ടോബറിൽ റോമിൽ നടക്കുന്ന സിനഡിൽ മെത്രാന്മാരല്ലാത്ത മലയാളി സാന്നിധ്യങ്ങൾ
Wednesday, July 12, 2023 8:12 PM IST
സ്വന്തം ലേഖകന്‍
വത്തിക്കാൻ സിറ്റി: ഒക്ടോബറിൽ വത്തിക്കാനിൽ വച്ച് നടക്കുന്ന പതിനാറാമത് ആഗോള സാധാരണ സിനഡിൽ മെത്രാൻമാരല്ലാത്ത മലയാളി സാന്നിധ്യങ്ങൾ. ഒരു വൈദികനും ഒരു മിഷനറി സിസ്റ്ററും മൂന്ന് മക്കളുടെ പിതാവുമായ അല്മായനുമാണ് സിനഡിൽ പങ്കെടുക്കുക.

എന്നാൽ ഇവർ മൂന്ന് പേരും ഇന്ത്യയുടെ പ്രതിനിധികളല്ല എന്നതും ശ്രദ്ധേയമാണ്. ഗൾഫ് മേഖലയിൽ ജീസസ് യൂത്ത് പ്രവർത്തകനായ മാത്യു തോമസ്, ഓഷ്യാന മേഖലയെ പ്രതിനിധികരിച്ച് മാനന്തവാടി രൂപതാംഗം ഫാ. സിജീഷ്, എംഐഡി സിനഡ് സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ സി. ടാനിയ എന്നിവരാണ് സിനഡിൽ പങ്കെടുക്കുന്ന മലയാളികൾ.

ഇവരെ കൂടാതെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, ഭാരത കത്തോലിക്ക മെത്രാൻ സമിതി തലവനായി മാർ ആൻഡ്രൂസ് താഴത്ത്, ദൈവശാസ്ത്ര പ്രതിനിധിയായി മാർ ജോസഫ് പാംപ്ലാനി, ലത്തീൻ സഭയിൽ നിന്ന് ബിഷപ് അലക്സ് വടക്കുംതല എന്നിവരും മലയാളികൾ ആയി സിനഡിൽ ഉണ്ടാകും.


2023 ഒക്ടോബർ ഒന്നിന് ത്രിദിന ധ്യാനത്തോടെയാണ് സിനഡ് ആരംഭിക്കുക. സിനഡിൽ പങ്കെടുക്കാനായി 378 അംഗങ്ങളാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയില്‍ ഉള്ളത്. ഇതിൽ ഇനിയും കൂട്ടി ചേർക്കലുകൾ ഉണ്ടാകും എന്ന് സിനഡ് സെക്രട്ടറിയേറ്റ് തലവന്‍ കര്‍ദിനാള്‍ മാരിയോ ഗ്രേക്ക് പറഞ്ഞു.

378 പേരിൽ പൗരസ്ത്യ കത്തോലിക്കാ സഭ പ്രതിനിധികളായി 20 പേരും, വിവിധ എപ്പിസ്കോപ്പൽ കോൺഫറൻസുകളിൽ നിന്ന് 168 പേരും, മറ്റ് പ്രതിനിധികളായി 92 പേരും, എട്ട് പ്രത്യേക അതിഥികളും, 57 ദൈവശാസ്ത്ര വിദഗ്ധരും ചര്‍ച്ചാസംവിധാന സഹായികളും ഉണ്ട്. സിനസിൽ പങ്കെടുക്കുന്ന 85 സ്ത്രീകളിൽ 56 പേർക്ക് വോട്ടവകാശമുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<