ഗ്രോ വാസു അറസ്റ്റിൽ
Saturday, July 29, 2023 10:25 PM IST
കോഴിക്കോട്: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുമ്പില്‍ സമരം നടത്തിയ കേസില്‍ മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തു.
10,000 രൂപയുടെ സ്വന്തം ജാമ്യത്തില്‍ വിട്ടയയ്ക്കാമെന്ന് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയെങ്കിലും പിഴയടയ്ക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയാറാകാത്തതിനാല്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വാസുവിനെ പിന്നീട് ജില്ലാ ജയിലിലേക്ക് മാറ്റി.
മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും നിലമ്പൂരില്‍ വെടിയേറ്റ് മരിച്ചപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കൊണ്ടുവന്നിരുന്നത്.
അന്ന് വെടിവച്ച പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാസുവിന്റെ നേതൃത്വത്തില്‍ അവിടെ പ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തില്‍ ഗ്രോ വാസു അടക്കം 16 പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തിരുന്നു. മറ്റു പ്രതികള്‍ ജാമ്യത്തിലിറങ്ങുകയും കോടതിയില്‍ കേസ് നടത്തുകയും ചെയ്തു. അവരെയെല്ലാം കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഗ്രോ വാസു മുന്‍കൂര്‍ ജാമ്യത്തിലിറങ്ങാനോ കേസ് നടത്താനോ തയാറായിരുന്നില്ല.
പ്രതിഷേധിച്ച താനല്ല കുറ്റക്കാരനെന്നും വെടിവച്ച പോലീസുകാരാണ് കുറ്റക്കാരെന്നുമുള്ള നിലപാടാണ് വാസു സ്വീകരിച്ചിരുന്നത്. ഈ കേസ് വാറണ്ടായതിനെത്തുടര്ന്നാണ് അറസ്റ്റ് നടന്നത്.