ഹിൻഡൻബർ​ഗ് റിപ്പോർട്ട്: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്ന് സെബി
ഹിൻഡൻബർ​ഗ് റിപ്പോർട്ട്: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്ന് സെബി
Monday, August 14, 2023 12:07 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: അദാനി​ ​ഗ്രൂപ്പിനെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി പുറത്ത് വന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും സമയം വേണെന്ന് സുപ്രീം കോടതി മുൻപാകെ സെബി.

15 ദിവസം കൂടി നീട്ടി നൽകണമെന്ന് സെബി സുപ്രീം കോടതിയിൽ അപേക്ഷ നൽകി. അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. അദാനി പോർട്ട്സിന്‍റെ ഓഡിറ്റർ സ്ഥാനത്ത് നിന്നും ഡെലോയിറ്റ് പിന്മാറിയത് കമ്പനിയുടെ ഓഹരികളെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇന്ന് ആദ്യഘട്ടവ്യാപാരത്തിൽ അദാനി ​ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ഓഹരികളുടെ മൂല്യം താഴേയ്ക്ക് പോയി. ഡെലോയിറ്റ് പിന്മാറിയതിന് പിന്നാലെ കമ്പനിയുടെ സാമ്പത്തിക മാനേജ്മെന്‍റിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകളും വന്നിരുന്നു. നിക്ഷേപകർക്കിടയിൽ ഇത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളിലുണ്ട്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ അദാനി എന്റർപ്രൈസസിന്‍റെ ഓഹരി നാലു ശതമാനവും അദാനി പോർട്ട്സിന്‍റെ ഓഹരി 3.44 ശതമാനവുമാണ് ഇടിഞ്ഞത്. ഓ​ഗസ്റ്റ് 29നാണ് സുപ്രീം കോടതി ഇനി കേസ് പരി​ഗണിക്കുക.


ഈ വർഷം ജനുവരിയിലാണ് അദാനി ​ഗ്രൂപ്പിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്ത് വന്നത്. കമ്പനിയുടെ ഓഹരി വില കൃത്രിമമായി വർധിപ്പിച്ചു എന്നടക്കം ​ഗ്രൂപ്പിന്‍റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒട്ടേറെ ആരോപണങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു.

റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ​ഗ്രൂപ്പിന്‍റെ ഓഹരിയിൽ 4.17 ലക്ഷം കോടി രൂപയുടെ ഇടിവാണ് വെറും അഞ്ച് ദിവസങ്ങൾക്കുള്ളിലുണ്ടായത്. അദാനി ഓഹരികളുടെ തകർച്ച രാജ്യത്തെ മറ്റ് കമ്പനികളേയും ബാധിച്ചിരുന്നു.

നഥാൻ ആൻഡേഴ്സൺ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെന്‍റ് ​റിസർച്ച് സ്ഥാപമാണ് ഹിൻഡൻബർ​ഗ്. ഷോർട്ട് സെല്ലിം​ഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥാപനം വൻകിട കോർപ്പറേറ്റുകളുടേയും ശതകോടീശ്വരന്മാരായ ആളുകളുടേയും സാമ്പത്തിക ചുവടുവെപ്പുകളും സസൂക്ഷ്മം നിരീക്ഷിച്ച് റിപ്പോർട്ട് ഇറക്കാറുണ്ട്.

റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ​ഗ്രൂപ്പ് ആദ്യം പ്രതികരിച്ചപ്പോൾ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് നഥാൻ ആൻഡേഴ്സണിന്‍റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<