മൊറോക്കോ ഭൂകന്പം; മരണം രണ്ടായിരം കവിഞ്ഞു
Sunday, September 10, 2023 5:18 AM IST
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ തകർത്തെറിഞ്ഞുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണം രണ്ടായിരം കവിഞ്ഞു. പരിക്കേറ്റവരുടെ എണ്ണവും ആയിരത്തിനടുത്തെത്തി. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രി 11:11 നാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
മാരക്കേഷിന് 70 കിലോമീറ്റർ തെക്കുപടിഞ്ഞാറ് അൽ ഹാവുസ് പ്രവിശ്യയിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ആഫ്രിക്കയുടെ വടക്കൻ മേഖലയിൽ സഹാറ മരുഭൂമിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മൊറോക്കോ.
പർവതങ്ങൾ നിറഞ്ഞ പ്രദേശങ്ങളായതിനാൽ മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും അസാധ്യമാണ്.
ഭൂകന്പത്തിന്റെ പ്രകന്പനം ഏതാനും സെക്കൻഡുകൾ നീണ്ടതായി പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിൽ അറിയിച്ചു. റാബത്ത്, കാസാബ്ലാങ്ക ഉൾപ്പെടെ നഗരങ്ങളിൽ വ്യാപക നാശമുണ്ട്. മാരക്കേഷ്, താരോഡൗന്റ് മേഖലയിൽ നൂറുകണക്കിനു കെട്ടിടങ്ങൾ നിലംപൊത്തി. കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നതിന്റെയും തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടേയും വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.
തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മൊറോക്കോയുടെ ദുരിതത്തിൽ പങ്കുചേരുകയാണെന്നു പ്രഖ്യാപിച്ച ലോകനേതാക്കൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായവും വാഗ്ദാനം ചെയ്തു.