ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് കൂറ്റൻ ജയം
Monday, September 11, 2023 11:28 PM IST
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 228 റൺസിന്റെ കൂറ്റൻ ജയം. റൺ മാർജിനിന്റെ അടിസ്ഥാനത്തിൽ നീലപ്പട പാക്കിസ്ഥാനെതിരെ നേടുന്ന ഏറ്റവും വലിയ വിജയമെന്ന റിക്കാർഡും കൊളംബോയിൽ പിറന്നു.
ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 128 റൺസിൽ അവസാനിച്ചു. നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ പരിക്കേറ്റ് ബാറ്റിംഗിന് ഇറങ്ങാതിരുന്നതോടെ, എട്ട് വിക്കറ്റ് വീണപ്പോൾ തന്നെ പാക് ഇന്നിംഗ്സിന് അവസാനം വന്നു.
സ്കോർ:
ഇന്ത്യ 356/2(50)
പാക്കിസ്ഥാൻ 128/8(32)
എട്ട് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് ആണ് പാക്കിസ്ഥാനെ കശക്കിയെറിഞ്ഞത്. 27 റൺസ് നേടിയ ഫഖർ സമാൻ ആണ് പാക് നിരയിലെ ടോപ് സ്കോറർ. ഇഫ്തിഖർ അഹ്മദ്(23), അഗാ സൽമാൻ(23) എന്നിവരൊഴികെ മറ്റാർക്കും പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം പോലും പുറത്തെടുക്കാനായില്ല.
പരിക്ക് മൂലം മാസങ്ങളായി വിശ്രമത്തിലായിരുന്ന കെ.എൽ. രാഹുൽ(111*), അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവ് വിരാട് കോഹ്ലിക്കൊപ്പം(122*) വെടിക്കെട്ട് നടത്തി ആഘോഷിച്ചതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്.
മഴ മൂലം റിസർവ് ദിനത്തിലേക്ക് മാറ്റിവച്ച പോരാട്ടത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ 24.1-ാം ഓവറിലാണ് ഇന്ത്യൻ ഇന്നിംഗ്സ് ഇന്ന് പുനരാരംഭിച്ചത്.
എട്ട് റൺസുമായി ബാറ്റിംഗ് പുനരാരംഭിച്ച കോഹ്ലി, ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും പായിച്ച് ഏകദിന കരിയറിലെ 47-ാം സെഞ്ചുറി പൂർത്തിയാക്കുകയും 13,000 റൺ ക്ലബിൽ ഇടംപിടിക്കുകയും ചെയ്തു.
106 പന്തുകൾ നീണ്ട ഇന്നിംഗ്സിൽ രാഹുൽ 12 ഫോറുകളും രണ്ട് സിക്സറുകളും അടിച്ചെടുത്തു. 10 ഓവറിൽ ഷഹീൻ ആഫ്രീദി 79 റൺസ് നൽകി ഇന്ത്യയെ സഹായിച്ചപ്പോൾ ഫഹീം അഷ്റഫ് 74 റൺസും ഷദാബ് ഖാൻ 71 റൺസും വിട്ടുനൽകി.