സ്കൂൾ വിദ്യാർഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: തെളിവെടുപ്പ് തുടങ്ങി
Tuesday, September 12, 2023 3:05 PM IST
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി. സംഭവ സ്ഥലത്ത് കനത്ത പോലീസ് കാവലിൽ പ്രതിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
മൂന്ന് മിനിറ്റോളം മാത്രമാണ് പ്രതിയെ സ്ഥലത്ത് നിർത്തിയത്. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം പ്രതിയിൽ നിന്നും ചോദിച്ചറിഞ്ഞു. അനിഷ്ട സംഭവങ്ങൾ ഭയന്ന പോലീസിന് കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടാകാതിരുന്നത് ആശ്വാസമായി.
തിങ്കളാഴ്ച കാട്ടാക്കട പോലീസ് സ്റ്റേഷനു മുന്നിൽ നാട്ടുകാർ പ്രതി പ്രിയരഞ്ജനെ കൂക്കിവിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ഗേറ്റ് പൂട്ടിയാണ് പ്രതിയെ സ്റ്റേഷനിൽ എത്തിച്ചത്. ഇത് കാരണം കനത്ത സുരക്ഷയിലായിരുന്നു ഇന്നത്തെ തെളിവെടുപ്പ്.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നു കാട്ടാക്കട ഡിവൈഎസ്പി ഷിബു പറഞ്ഞു. ഇതിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. ഈ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ, സഹായം കിട്ടിയിട്ടുണ്ടോ വേറെ കാരണം കൊണ്ടാണോ കൊന്നത് എന്നതടക്കം പ്രതിയിൽനിന്നു മനസിലാക്കേണ്ടതുണ്ട്. ഇതിന് പോലീസ് കസ്റ്റഡി ആവശ്യമായി വരുമെന്നും അന്വേഷണ സംഘം പറയുന്നു.
ഇനിയും ഭീതിയൊഴിയാതെ ആദിശേഖറിന്റെ കൂട്ടുകാരൻ
തന്റെ കൺമുന്നിൽ കണ്ട കൊലയുടെ ഭീതിയും അതിനു പിന്നാലെയുണ്ടായ ഞെട്ടലിലുമാണ് കൊല്ലപ്പെട്ട ആദിശേഖറിന്റെ കൂട്ടുകാരൻ. പ്രിയ സുഹൃത്തിന്റെ വിയോഗം നേരിൽ കണ്ടതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.
സംഭവത്തക്കുറിച്ച് സുഹൃത്ത് പറയുന്നത് ഇങ്ങനെ- റോഡിൽ നിറുത്തിയിട്ടിരുന്ന കാർ പതുക്കെയാണ് നീങ്ങിയത്. പിന്നെ വേഗത്തിൽ മുന്നോട്ടുവന്നു. ഈ സമയം സൈക്കിൾ വളയ്ക്കുകയായിരുന്നു ആദിശേഖർ.
തൊട്ടു പിന്നാലെ വേഗത്തിൽ കാർ പെട്ടെന്നു ഞങ്ങൾക്ക് നേരെ വന്നു. ഇടിക്കാതിരിക്കാൻ ഞാൻ ക്ഷേത്ര വഴിയിലേക്ക് എടുത്തു ചാടി. കാർ വേഗത്തിൽ വരുന്നത് കണ്ട് ആദിശേഖർ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഇടിച്ചുതെറിപ്പിച്ചു.
റോഡിന്റെ മധ്യഭാഗത്തേക്കാണ് ആദിശേഖർ വീണത്. സൈക്കിളിലും ശരീരത്തിന്റെ ഒരു ഭാഗത്തും കൂടി കാർ കയറിയിറങ്ങുകയായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. അമ്മവീടായ പുളിങ്കോട് അവധിക്ക് വന്നതാണ് ആദിശേഖറിന്റെ സുഹൃത്ത്.