വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
Thursday, September 14, 2023 11:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വളരെ ലാഭകരമായ കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായി. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.
കരാര്‍ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് നേതാവ് ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. 4.29 രൂപക്ക് വാങ്ങിയിരുന്ന വൈദ്യുതി 5.12 മുതല്‍ 6.34 രൂപ വരെ ഉയര്‍ന്ന നിരക്കില്‍ വാങ്ങിയതിലൂടെ 7 കോടിയുടെ നഷ്ടം ഉണ്ടായെന്നും സതീശന് ആരോപിച്ചു.
വളരെ ലാഭകരമായ കരാര്‍ ആണ് റദ്ദാക്കിയത്. കരാര്‍ റദ്ദാക്കുമ്പോള്‍ വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഇത്തരത്തില്‍ ബോര്‍ഡിനുണ്ടാകുന്ന ഭീമമായ നഷ്ടം ഉപഭോക്താക്കളില്‍നിന്ന് സര്‍ചാര്‍ജായി ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും സതീശന് സഭയില്‍ പറഞ്ഞു.