കൊല്ലത്ത് റോഡ് റോളര്‍ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം
Saturday, September 16, 2023 8:30 AM IST
കൊല്ലം: അഞ്ചലില്‍ റോഡ് റോളര്‍ കയറിയിറങ്ങി യുവാവ് മരിച്ചു. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37)ആണ് മരിച്ചത്. ബൈപ്പാസിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയില്‍ പെടുകയായിരുന്നു.
അപകടസമയത്ത് വിനോദ് വാഹനത്തിന് മുന്നില്‍ കിടക്കുകയായിരുന്നു. ഇത് റോഡ് റോളറിന്റെ ഡ്രൈവര്‍ കണ്ടില്ല. ബൈപ്പാസില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ യുവാവിനെ കണ്ടില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്.
വിനോദ് മദ്യപിച്ചിരുന്നതായും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. മൃതദേഹത്തിന് അരികില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തയ്യല്‍ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്.