പാർലമെന്റ് പ്രത്യേക സമ്മേളനം: സർവകക്ഷി യോഗം ഇന്ന്
Sunday, September 17, 2023 6:32 AM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത അഞ്ച് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും. ഇതിന്റെ ഭാഗമായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. സമ്മേളനത്തിന്റെ അജൻഡ സർക്കാർ പുറത്തുവിട്ടെങ്കിലും ഇക്കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്.
അടിയന്തര പ്രാധാന്യത്തോടെ പ്രത്യേക സമ്മേളനം വിളിച്ച് പാസാക്കേണ്ട ബില്ലുകളൊന്നും സർക്കാർ പ്രഖ്യാപിച്ച അജൻഡയിലില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടരുകയാണ്. വിനായക ചതുർഥി ദിനമായ 19-ന് പുതിയ പാർലമെന്റിലേക്ക് മാറുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം വിളിച്ചതെന്നാണ് അഭ്യൂഹങ്ങളിലൊന്ന്.
അതോടൊപ്പം ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം പാസാക്കുമെന്നും അഭ്യൂഹമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുകയെന്ന ലക്ഷ്യത്തോടെ ഈ സർക്കാർ വിളിക്കുന്ന അവസാനത്തെ പാർലമെന്റ് സമ്മേളനമാണെന്ന അഭ്യൂഹവുമുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഇന്ന് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെയും നിയമിക്കാൻ പുതിയ സമിതിയെ നിയമിക്കുന്നതിനുള്ള ബില്ലാണ് സർക്കാർ അജൻഡയിൽ ഉൾപ്പെടുത്തിയ ബില്ലുകളിൽ പ്രധാനപ്പെട്ടത്. 1991-ലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആക്ടിന് പകരം പുതിയ നിയമം കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്.