ഇന്ത്യയുടെ വികസനയാത്രയ്ക്ക് ഇനി വിഘ്നങ്ങളുണ്ടാകില്ലെന്ന് പ്രധാനമന്ത്രി
Monday, September 18, 2023 11:06 AM IST
ന്യൂഡല്‍ഹി: ഇന്നു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനം ഹൃസ്വമെങ്കിലും ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിര്‍ണായക തീരുമാനങ്ങള്‍ പുതിയ മന്ദിരത്തില്‍ വച്ചുണ്ടാകും. പുതിയ വിശ്വാസത്തോടെയും ഊര്‍ജത്തോടെയും പുതിയ മന്ദിരത്തിലേക്കു പ്രവേശിക്കും.
പഴയ തിന്മകളെ ഉപേക്ഷിച്ചു പുതിയ മന്ദിരത്തില്‍ പ്രവേശിക്കണം. നാളെ ഗണേഷചതുര്‍ഥിയാണ്. ഇന്ത്യയുടെ വികസനയാത്രയ്ക്ക് ഇനി വിഘ്നങ്ങളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ലമെന്റിന്റെ അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്നു തുടക്കമാകുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടി വന്‍വിജയമായിരുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറിയെന്നും വ്യക്തമാക്കി.
ചന്ദ്രയാന്‍ 3 പദ്ധതിയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ പതാക ചന്ദ്രനില്‍ എത്തിയിരിക്കുന്നുവെന്ന് പറഞ്ഞു. ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങളാണ് രാജ്യം കൈവരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.