വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുന്നു; ഒബിസി സ്ത്രീകളെ കൂടി ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ്
Wednesday, September 20, 2023 11:44 AM IST
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ കോൺഗ്രസ് അനുകൂലിക്കുന്നതായി സോണിയ ഗാന്ധി. വനിതാ സംവരണ ബില്ലിനൊപ്പം ജാതി സെൻസസ് കൂടി നടപ്പിലാക്കണമെന്നും ദുർബലവിഭാഗങ്ങളെ സ്ത്രീകളുടെ രാഷ്ട്രീയ ഉന്നമനവും പരിഗണിക്കണമെന്നും ബിൽ ചർച്ചയ്ക്കിടെ സോണിയ ആവശ്യപ്പെട്ടു.
എത്രയും വേഗം വനിതാ സംവരണ ബിൽ പാസാക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകിയതിന് സമാനമായി ഒബിസി വിഭാഗങ്ങൾക്ക് വനിതാ സീറ്റുകളിൽ പ്രത്യേക സംവരണം നൽകണം.
ഏറെ വർഷങ്ങളായി ഭാരതത്തിലെ സ്ത്രീകൾ ആഗ്രഹിക്കുന്നതാണ് ഈ മുന്നേറ്റം. കാലാകാലങ്ങളായി രാജ്യത്തെ പുരുഷന്മാരോടൊപ്പം സ്ത്രീകളും അക്ഷീണമായി പ്രയ്തനിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് സരോജിനി നായിഡു, അരുണ അസഫലി, വിജയലക്ഷ്മി പണ്ഡിറ്റ്, സുചേത കൃപലാനി എന്നിവർ മഹാത്മ ഗാന്ധി, സർദാർ പട്ടേൽ, ജവഹർലാൽ നെഹ്റു, മൗലാന ആസാദ് എന്നിവരോടൊപ്പം രാജ്യത്തിനായി പോരാടി.
വനിതാ സംവരണ ബിൽ എന്നത് രാജീവ് ഗാന്ധിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്നും സോണിയ കൂട്ടിച്ചേർത്തു. ഇന്ദിരാ ഗാന്ധിയുടെ ഭരണപാടവത്തെയും ബിൽ ചർച്ചയ്ക്കിടെ സോണിയ പ്രശംസിച്ചു.