വെസ്റ്റ് ബാങ്കിലും ഗാസയിലും വെടിവയ്പ്; നാല് പലസ്തീനികൾ കൊല്ലപ്പെട്ടു
Wednesday, September 20, 2023 3:26 PM IST
ടെൽ അവീവ്: വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രയേൽ സേന നടത്തിയ റെയ്ഡുകളിൽ നാല് പലസ്തീൻ വംശജർ കൊല്ലപ്പെട്ടു.
വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നടന്ന റെയ്ഡിലാണ് മൂന്ന് പേർ മരിച്ചത്. ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗാസ മുനമ്പിലെ ഖാൻ യുനിസ് മേഖലയുടെ കിഴക്കൻഭാഗത്തും ഇസ്രയേൽ സേന റെയ്ഡ് നടത്തി. യൂസഫ് സലിം റാദ്വാൻ(25) എന്ന യുവാവ് ഈ ആക്രമണത്തിൽ മരിച്ചെന്ന് പലസ്തീൻ അറിയിച്ചു.
ഗാസ അതിർത്തിയിൽ പലസ്തീൻ പ്രക്ഷോഭകർ ആക്രമണത്തിന് തയാറായി എത്തിയെന്നും ആയുധധാരികളായ ഇവരെ പിരിച്ചുവിടാൻ പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്നും ഇസ്രയേൽ വ്യക്തമാക്കി.