പ്രതിപക്ഷ നേതാവാകാന്‍ ഭൂരിപക്ഷ എംഎല്‍എമാരും പിന്തുണച്ചത് ചെന്നിത്തലയെ; ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍
Thursday, September 21, 2023 8:58 AM IST
തിരുവനന്തപുരം: പ്രതിപക്ഷനേതാവാകാന്‍ ഭൂരിപക്ഷം പാര്‍ട്ടി എംഎല്‍എമാരുടെയും പിന്തുണ ലഭിച്ചത് രമേശ് ചെന്നിത്തലയ്ക്കായിരുന്നുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് മറികടന്ന് ഒരു സൂചനയും നല്‍കാതെയാണ് ഹൈക്കമാന്‍ഡ് വി.ഡി. സതീശന്റെ പേര് പ്രഖ്യാപിച്ചതെന്നും "കാലം സാക്ഷി' എന്ന ആത്മകഥയില്‍ പറയുന്നു.
പാഴായ ഭൂരിപക്ഷ പിന്തുണ എന്ന അധ്യായത്തിലാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഹൈക്കമാന്‍ഡ് ആരുടെയെങ്കിലും പേര് നിര്‍ദേശിക്കുന്നില്ലെങ്കില്‍ രമേശ് തുടരട്ടെ എന്നായിരുന്നു തന്റെ നിലപാട്.
എഐസിസി നിലപാടറിയാൻ കെ.സി. വേണുഗോപാലിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ താന്‍ നേരിട്ട് പോയി. എന്തെങ്കിലും നിര്‍ദേശമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇതുവരെ ഇല്ലെന്നായിരുന്നു മറുപടി. എന്തെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നെ കെ.സി പ്രതികരിച്ചില്ല. പിന്നീട് അന്ന് ഹൈക്കമാന്‍ഡ് പ്രതിനിധിയായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ വന്നു. ഒരു നിര്‍ദേശവുമില്ലെന്നും ആര്‍ക്കും ആരുടേയും പേര് പറയാമെന്നും ഖാര്‍ഗെ വ്യക്തമാക്കി.
21 എംഎല്‍എമാരില്‍ ഭൂരിപക്ഷവും ചെന്നിത്തലയെയാണ് പിന്തുണച്ചത്. പക്ഷേ ഹൈക്കമാന്‍ഡിന്റെ മനോഗതം വേറെയായിരുന്നുവെന്ന് വ്യക്തമാക്കി വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കി.ഹൈക്കമാന്‍ഡിന്റെ താത്പര്യം നേരത്തെ സൂചിപ്പിച്ചെങ്കില്‍ ഒരു വിവാദവുമില്ലാതെ ഈ അധ്യായം അവസാനിക്കുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി ആത്മകഥയില്‍ പറയുന്നു.
മാറാന്‍ പറഞ്ഞിരുന്നെങ്കില്‍ സ്വയം ഒഴിയുമായിരുന്നുവെന്നും എന്തിനാണ് ഹിതപരിശോധനാ നാടകമെന്നും അന്നേ ചെന്നിത്തല അടുപ്പക്കാരോട് പറഞ്ഞിരുന്നെന്നും ആത്മകഥയിലുണ്ട്. അതേസമയം സതീശന് മികച്ച പാര്‍ലമെന്റേറിയനാണെന്നും ആത്മകഥയില്‍ പറയുന്നുണ്ട്.
പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ ചെന്നിത്തല അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.