കോഴിക്കോട്ട് 799 കിലോ പ്ലാസ്റ്റിക് പിടികൂടി; പിഴയിട്ടത് എട്ട് ലക്ഷം
Wednesday, September 27, 2023 6:12 PM IST
കോഴിക്കോട്: ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 799 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത പ്ലാസ്റ്റിക്കിന് 8.25 ലക്ഷം രൂപ പിഴ ചുമത്തിയതായും അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് കോര്പ്പറേഷന്, പേരാമ്പ്ര, കൊയിലാണ്ടി, ഒളവണ്ണ, വടകര, രാമനാട്ടുകര, പെരുവയല്‍, കുന്നമംഗലം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധന നടത്തിയത്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളായ ക്യാരി ബാഗുകള്‍, ഗ്ലാസുകള്‍, ഇയര്‍ ബഡുകള്‍, സ്പൂണുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ക്യു ആര് കോഡ് ഇല്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
കല്യാണമണ്ഡപങ്ങള്‍, ആശുപത്രികള്‍, മാളുകള്‍, വ്യാപാര സമുച്ചയങ്ങള്‍, സ്കൂളുകള്‍, വന്‍കിട വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.