മോഷണക്കുറ്റം ആരോപിച്ച് അംഗവൈകല്യമുള്ളയാളെ കൊലപ്പെടുത്തി
Thursday, September 28, 2023 4:00 AM IST
ന്യൂഡൽഹി: ഡല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച് അംഗവൈകല്യമുള്ളയാളെ മര്‍ദിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സുന്ദര്നഗരിയിലാണ് സംഭവം.
സുന്ദര്‍ നഗരി സ്വദേശികളായ കമൽ (23), മനോജ് (19), കിഷൻ (19), പപ്പു (24), ലക്കി (19), ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഗരിമ ഗാർഡനിൽ താമസിക്കുന്ന യൂനസ് (20), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.
ഇസാർ(26) ആണ് കൊല്ലപ്പെട്ടത്. ഇയാളെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടാണ് പ്രതികൾ മർദിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ചിലർ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് മകൻ ഇസാർ മരിച്ചെന്നാരോപിച്ച് പഴക്കച്ചവടക്കാരനായ സുന്ദര്‍ നഗരി സ്വദേശി അബ്ദുൾ വാജിദിന്റെ (60) പരാതിയിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുചിലരെയും കണ്ടെത്താൻ ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചു.