"അമേരിക്കൻ മാവ്' കാത്തിരുന്ന ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കിയ വിപ്ലവകാരി
Thursday, September 28, 2023 1:59 PM IST
ചെന്നൈ: പട്ടിണി പാത്രവുമായി അമേരിക്കയുടെ മുമ്പിൽ കൈനീട്ടി നിന്ന്, അവർ തന്നിരുന്ന പിഎൽ- 480 ഗോതമ്പുവിത്ത് വിതച്ച് അരവയറുമായി കാലംകഴിച്ചിരുന്ന ഇന്ത്യയെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് നയിച്ച വിപ്ലവകാരി - എം.എസ്. സ്വാമിനാഥനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
അമേരിക്കൻ ശാസ്ത്രജ്ഞൻ നോർമൻ ബോർലൗഗിനൊപ്പം ചേർന്ന്, ഉയർന്ന വിളവ് നൽകുന്ന വിത്തുകൾ(HYV) രാജ്യത്ത് എത്തിച്ചാണ് സ്വാമിനാഥൻ രാജ്യത്തെ കാർഷികരംഗം മാറ്റിമറിച്ചത്.
സിന്ധുനദീ തീരത്തുള്ള ഫലഭൂയിഷ്ടമായ മണ്ണിൽ ആരംഭിച്ച പരീക്ഷണം, ആദ്യ വിളവെടുപ്പിൽ തന്നെ മികച്ച ഫലം നൽകി വിജയകരമായി. തുടർന്ന് ആസൂത്രിതമായ രീതിയിൽ വളവും കീടനാശിനിയും പ്രയോഗിക്കുന്ന രീതികൾ കർഷകരെ പഠിപ്പിച്ചതിലൂടെ സ്വാമിനാഥനും കൂട്ടർക്കും ഇന്ത്യയിൽ ഗോതമ്പ് ഉൽപാദനം കുതിച്ചുയർത്താൻ സഹായിച്ചു.
ഇക്കാലയളവിൽ പഞ്ചാബിൽ മാത്രം 90,000 ഡീസൽ പമ്പ് സെറ്റുകളാണ് സർക്കാർ വിതരണം ചെയ്തത്. ആയിരക്കണക്കിന് കുഴൽക്കിണറുകൾ കുഴിക്കുകയും കൃഷിയെ കൂടുതൽ യന്ത്രവൽകൃതമാക്കുകയും ചെയ്തു.
പഞ്ചാബിൽ നിന്ന് ആരംഭിച്ച ഹരിതവിപ്ലവം കോടിക്കണക്കിന് പേരെ പട്ടിണിയിൽ നിന്നുയർത്തിയതിന് പിന്നാലെ, 1971 ഡിസംബർ 31-ന്, അമേരിക്കയിൽ നിന്ന് ഇനി ധാന്യങ്ങൾ വേണ്ടെന്നും ഇന്ത്യ ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചെന്നും പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ ഭാവിക്കായി, ത്യാഗങ്ങൾ സഹിച്ച് ജന്മനാട്ടിൽ തന്നെ നിലകൊള്ളണമെന്ന് ചിന്തിച്ചിരുന്ന യുവപ്രതിഭകളുടെ പ്രതിരൂപമായിരുന്നു സ്വാമിനാഥൻ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആഗ്രഹിച്ച് ജവഹർലാൽ നെഹ്റുവും സംഘവും വിഭാവനം ചെയ്ത പഞ്ചവൽസര പദ്ധതിയുടെ തുടർച്ചയായിരുന്നു സ്വാമിനാഥന്റെ ഹരിതവിപ്ലവ യജ്ഞം.
"ഹിന്ദി - ചീനി ഭായ് ഭായ്' എന്ന് വിശ്വസിച്ചിരുന്ന നെഹ്റുവിനെ ഞെട്ടിച്ച്, 1962-ൽ ചൈന നടത്തിയ കടന്നുകയറ്റത്തിന് പിന്നാലെ രാജ്യത്ത് ചെറിയ തോതിലെങ്കിലും വികസന മരവിപ്പ് അനുഭവപ്പെട്ടിരുന്നു. നെഹ്റുവിന്റെ അനാരോഗ്യവും ഡൽഹിയിലെ പദ്ധതികളുടെ വേഗം കുറച്ചു.
എന്നാൽ ഇതിനിടയിലും, 1963-ൽ ബോർലൗഗിനെ ഇന്ത്യയിലെത്തിച്ച് സ്വാമിനാഥനും സംഘവും കാർഷികരംഗത്ത് മുന്നേറ്റങ്ങൾ വരുത്താൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ലാൽ ബഹദുർ ശാസ്ത്രി ഭരണം ഏറ്റെടുത്തതിന് പിന്നാലെ, സ്റ്റീൽ വകുപ്പിൽ നിന്ന് സി. സുബ്രഹ്മണ്യം കൃഷി വകുപ്പ് മന്ത്രിയായി കൂടുമാറിയെത്തി.
സിഎസിനൊപ്പം ചേർന്ന് പ്രവർത്തിച്ച സ്വാമിനാഥൻ 1966-ലാണ് എച്ച്വൈവി വിത്തുകൾ മെക്സിക്കോയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. ഒരു ഹെക്ടേറിൽ രണ്ട് ടൺ മാത്രം വിളവ് ലഭിച്ചിരുന്ന ഇന്ത്യൻ ഗോതമ്പുപാടങ്ങളിലും നെൽവയലുകളിലും വെറും രണ്ട് വർഷത്തിനുള്ളിൽ വിളവ് ആറ് ടണ്ണായി ഉയർന്നു.
ഭക്ഷ്യക്ഷാമം നേരിടാൻ തിങ്കളാഴ്ചകളിൽ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 1968-ൽ ശാസ്ത്രി നടത്തിയ ആഹ്വാനത്തിൽ നിന്ന് മുന്നേറി, ധാന്യചാക്കുകൾ സൂക്ഷിക്കാൻ സിനിമാ തിയറ്ററുകളും ഹാളുകളും വാടകയ്ക്ക് എടുക്കേണ്ട സ്ഥിതിയിലേക്ക് സ്വാമിനാഥൻ ഇന്ത്യയെ നയിച്ചു.
ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇന്സ്റ്റിട്യൂട്ടിനെ മികവുറ്റ ഗവേഷണ കേന്ദ്രമായി വളർത്തിയ അദ്ദേഹം, രാജ്യത്തെ ശാസ്ത്രജ്ഞർക്ക് എന്നും പ്രചോദനമായും നിലകൊണ്ടു.