ബൈക്കിൽ തോക്ക് ഒളിപ്പിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമം; പോലീസുകാർക്കെതിരെ അന്വേഷണം
Friday, September 29, 2023 2:02 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ ബൈക്കില്‍ തോക്ക് ഒളിപ്പിച്ച് വച്ച് അധ്യാപകനെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ് ശ്രമിച്ചെന്ന് പരാതി. മീററ്റ് ജില്ലയിലെ ഖാര്‍ഖോഡ സ്വദേശിയായ അങ്കിത് ത്യാഗിയെയാണ് കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ് ശ്രമിച്ചത്.
ഒരു കോച്ചിംഗ് സെന്ററിലെ അധ്യാപകനാണ് അങ്കിത് ത്യാഗി. അങ്കിതിന്റെ കുടുംബവും മേഖലയിലെ മറ്റൊരു വീട്ടുകാരും തമ്മില്‍ നാളുകളായി ശത്രുതയിലാണ്.
ഈ വീട്ടുകാരുടെ ആവശ്യപ്രകാരം അങ്കിതിനെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസുകാര്‍ ബൈക്കില്‍ തോക്ക് സ്ഥാപിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
അങ്കിതിന്റെ ബൈക്കില്‍ പോലീസുകാര്‍ തോക്ക് വയ്ക്കുന്നതും തുടര്‍ന്ന് വീടിനുള്ളില്‍ പഠിക്കുകയായിരുന്ന അങ്കിതിനെ കസ്റ്റഡിയിലെടുത്ത് ബലമായി പുറത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇതിനു പിന്നാലെ പോലീസുകാര്‍ ബൈക്കില്‍ നിന്ന് തോക്ക് എടുക്കുകയും ചെയ്തു.
അതേസമയം, അങ്കിതിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മീററ്റ് ഐജിയെ കാണാനും സത്യാവസ്ഥ ബോധിപ്പിക്കാനും സഹോദരി ശ്രമിച്ചിരുന്നു. എന്നാല്‍ കൈക്കുഞ്ഞുമായി ഒരു രാത്രി മുഴുവനായും ഐജിയുടെ വീടിന് പുറത്തുനിന്നതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ കാണാന്‍ സഹോദരിക്ക് സാധിച്ചത്.
കസ്റ്റഡിയിലെടുത്ത് 15 മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയക്കാന്‍ പോലീസുകാര്‍ തയാറായത്. ആയുധക്കടത്തായിരുന്നു അങ്കിതിനു മേല്‍ പോലീസ് ചുമത്തിയ കുറ്റം.
സംഭവത്തിന് ഉത്തരവാദികളായ പോലീസുകാരെ സ്ഥലം മാറ്റിയെന്നും ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.