ഇക്കോ ടൂറിസം ഡെവലപ്മെന്റ് അഥോറിറ്റി വരുന്നു
ദീപു മറ്റപ്പള്ളി
Wednesday, November 8, 2023 8:04 PM IST
കണ്ണൂർ: സംസ്ഥാനത്ത് ഇക്കോ ടൂറിസം ഡെവലപ്മെന്റ് അഥോറിറ്റി രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനവും സംരക്ഷണവും ഏകോപിക്കുന്നതിനാണ് അഥോറിറ്റി രൂപീകരിക്കുന്നത്. ഇക്കോ ടൂറിസം കരട് ബില്ല് പ്രകാരമാണ് ഇതുസംബന്ധിച്ചുള്ള ശിപാർശയുള്ളത്.
വനത്തിനുള്ളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം, സഞ്ചാര പരിധിക്കുള്ള നിയന്ത്രണം എന്നിവയും ഇതിന്റെ പരിധിക്കുള്ളിലായിരിക്കും. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ കാടുകളിലേക്കുള്ള യാത്രകളാണ് പൂർണമായും നിയമത്തിന് കീഴിലാകുക.
വനസഞ്ചാരികളിൽനിന്നും സെസ് പിരിക്കുന്നതിനുള്ള നീക്കവും സഞ്ചാരികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. എല്ലാ വന സന്ദർശനത്തിനും ഏകീകൃത ഫീസ് ഇതോടെ നിലവിൽ വരും.
വനംമന്ത്രി ചെയർമാനും സെക്രട്ടറി വൈസ് ചെയർമാനുമായുള്ള 17 അംഗ സമിതിയാണ് ഇക്കോ ടൂറിസം ഡെവലപ്മെന്റ് അഥോറിറ്റിയായി നിലവിൽ വരുന്നത്. ഇതിൽതന്നെ മൂന്നംഗസമിതിയാണ് വനം വകുപ്പ് നൽകുന്ന ശിപാർശകൾ പരിശോധിക്കുന്നത്. ഇതിനുശേഷമാണ് അന്തിമ തീരുമാനത്തിനായി സമിതിയുടെ മുന്പിലെത്തുകയുള്ളൂ.
സംസ്ഥാനത്തെ വനങ്ങൾ കാണുന്നതിനും പഠിക്കുന്നതിനും എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡിന് ശേഷമുണ്ടായിരുന്ന മുരടിപ്പാണ് ഇപ്പോൾ മാറികൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ മാറ്റം വരുത്തുന്നതിന് സർക്കാർ നീക്കം നടത്തുന്നത്.