ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു വയോധികന് ഗുരുതര പരിക്ക്
Monday, November 20, 2023 2:44 AM IST
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു വയോധികനായ യാത്രക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകുന്നേരം 4.30ഓടെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് അപകടം നടന്നത്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് (76) പരിക്കേറ്റത്. ലോട്ടറി വില്പനക്കാരനായ പരമേശ്വരന് താമസസ്ഥലമായ മാവേലിക്കരയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് അപകടം.
തലയ്ക്ക് ഗുരുതര പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്കി.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നത് സ്ഥിരമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത്തരം അപകടങ്ങളില്‍ നേരത്തേയും പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.